മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകര്‍ അറസ്റ്റില്‍
മുംബൈ: പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകരെ പോലീസ് അറസ്റ്റുചെയ്തു. ഡി.പി. സിങ്, എസ്.ബി. രാംപിസെ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 14-ന് ഓഖ എക്സ്പ്രസ്സില്‍ പനവേലില്‍ വന്നിറങ്ങിയ കോഴിക്കോട് മാത്തോട്ടം സ്വദേശികളായ നാസര്‍, ഉബൈദ് എന്നിവരില്‍നിന്നുമാണ് ഇവിടത്തെ ടിക്കറ്റ് പരിശോധകരായ രണ്ടു പേരും 8000 രൂപ തട്ടിയെടുത്തത്. രണ്ടുപേരുടെയും ബാഗുകള്‍ പരിശോധിച്ച ഇവര്‍ 50,000 രൂപ കണ്ടതോടെ ഈ മലയാളികളെ ഭീഷണിപ്പെടുത്തി. 20000 രൂപവരെ മാത്രമേ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഇവര്‍ അറിയാതെ അതിവിദഗ്ധമായി പണം അടിച്ചെടുത്തു.
പരിശോധനാസമയത്ത് ആരുമായും ഫോണില്‍ ബന്ധപ്പെടാനും ഇവരെ അനുവദിച്ചില്ല. ഒരു മണിക്കൂറോളം ഇരുവരെയും പരിശോധനാമുറിയില്‍ അടച്ചിട്ടു.
പിന്നീടാണ് ജമാഅത്ത് പ്രവര്‍ത്തകരെ ഇക്കാര്യം ഇവര്‍ അറിയിക്കുന്നത്. ജമാഅത്ത് ഇടപെട്ടതോടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ റെയില്‍വേ അധികാരികള്‍ ശ്രമിച്ചെങ്കിലും മുമ്പ് പല തവണ താക്കീത് നല്‍കിയിട്ടും പാഠം പഠിക്കാത്ത റെയില്‍വേ അധികാരികള്‍ക്ക് മാപ്പ് നല്‍കാന്‍ ഇനിയും കഴിയില്ലെന്ന ജമാഅത്തിന്റെ നിലപാടാണ് ടിക്കറ്റ് പരിശോധകരെ വെട്ടിലാക്കിയത്. ജമാഅത്ത് ഭാരവാഹി അമാനുള്ള ഉള്ളാണത്തിന്റെ നേതൃത്വത്തില്‍ ധാരാവി ബ്രാഞ്ച് ഭാരവാഹികളായ ഇസുദ്ദീന്‍, റാഫി, ഷുഹൈബ്, ഹംസ മിലന്‍, ആലിക്കുട്ടി എന്നിവര്‍ റെയില്‍വേ അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ കണ്ട് വിവരം ധരിപ്പിച്ചു. പണം കവര്‍ന്ന ടിക്കറ്റ് പരിശോധകരെ കണ്ടെത്തുന്നതിനായി അടുത്ത ദിവസം തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും അതു നടത്താതെ പോലീസുകാര്‍ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു.
No comments:
Post a Comment