അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Friday, 13 May 2011

പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്


പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്
Posted on: 30 Oct 2011

പുണെ: വിവരാന്വേഷണ നിയമപ്രകാരം അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള പകപോക്കല്‍ തടയാന്‍ അണ്ണ ഹസാരെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. പേരുവിവരങ്ങള്‍ നല്‍കാതെ അപേക്ഷകന് ഇന്‍റര്‍നെറ്റ് വഴി വിവരാന്വേഷണം നടത്താനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയാണ് അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരത്തിന് ഇവര്‍ ശക്തിപകരുന്നത്. ആഗസ്തില്‍ ഡല്‍ഹിയില്‍ നടന്ന ഹസാരെയുടെ ഒമ്പത് ദിവസത്തെ ഉപവാസസമരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. ഖരക്പുര്‍ വിദ്യാര്‍ഥിയായ റിതേഷ് സിങ്, ആനന്ദ് ശര്‍മ, അവിനാശ് സിങ് എന്നിവരാണ് 'ആര്‍.ടി.ഐ. അനോണിമസ്' എന്ന ശീര്‍ഷകത്തില്‍ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്.

http://getup 4 change/എന്ന് കമ്പ്യൂട്ടറില്‍ സബ്മിറ്റ് ആര്‍.ടി.ഐ. എന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് വിവരാന്വേഷണം നടത്താനുതകുന്ന രീതിയിലാണ് 'സൈറ്റ്' തയ്യാറാക്കിയിട്ടുള്ളത്. വ്യാജ ഇ-മെയില്‍ അഡ്രസ്സിലും വിവരാന്വേഷണം നടത്താവുന്നതാണ്. വിവരാന്വേഷണത്തിനുള്ള അപേക്ഷ ലഭ്യമാകുന്നതോടെ ആവശ്യമായ നിയമവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് അധികാരികളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. അണ്ണ ഹസാരെയുടെ കീഴിലുള്ള 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ വളണ്ടിയര്‍മാരുടെ പേരിലായിരിക്കും വിവരാന്വേഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പിന്നീട് വകുപ്പ് അധികാരികള്‍ക്ക് നല്‍കപ്പെടുന്നത്. ഇതുകാരണം വിവരാന്വേഷണം നടത്തുന്നവര്‍ അവരുടെ ശരിയായ പേരും വിവരവും നല്‍കിയാലും ഇവരുടെ പേര്‍ പുറത്തുവരാത്തതുകാരണം പകപോക്കലിനെ ഭയക്കേണ്ട ആവശ്യവും ഇല്ലെന്ന് റിതേഷ് പറഞ്ഞു.

''അജ്ഞാതരുടെ അന്വേഷണങ്ങളും വളണ്ടിയര്‍മാരുടെ പേരിലായിരിക്കും സമര്‍പ്പിക്കപ്പെടുന്നത്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാഷ്ട്രീയക്കാരുടെയും മറ്റും ഭീഷണികള്‍ കാരണം സാധാരണക്കാര്‍ വിവരാന്വേഷണവുമായി മുന്നോട്ടുവരുന്നില്ല. ഇതിന് തയ്യാറായിട്ടുള്ള പലരെയും ആക്രമിക്കുക മാത്രമല്ല, ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും ഹസാരെയോടൊപ്പം ഒമ്പതുദിവസം ഉപവസിച്ചശേഷം ആസ്പത്രിയിലെ തീവ്രപരിചരണ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്ന ഐ.ടി.ഐ. വിദ്യാര്‍ഥി റിതേഷ് പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെതന്നെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മോഷ്ടാക്കള്‍ ജാഗ്രതൈ;രാമചന്ദ്രന്‍ പിന്നാലെയുണ്ട്‌ 


തിരുവനന്തപുരം: നഗരത്തിലെ മോഷ്ടാക്കള്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പേടിക്കാനൊരാള്‍ - രാമചന്ദ്രന്‍. ഏതെങ്കിലും മോഷ്ടാവിനെ കണ്‍വെട്ടത്തു കണ്ടാല്‍ ട്രാഫിക് മോണിറ്ററായ കരമന തളിയല്‍ സത്യാനഗര്‍ ഹൗസ് നമ്പര്‍ 113 ല്‍ രാമചന്ദ്രന്‍ ഓടിച്ചിട്ടു പിടികൂടും.

കഴിഞ്ഞമാസം കിഴക്കേകോട്ട വച്ച് ചിറയിന്‍കീഴ് സ്വദേശി സുനില്‍കുമാറിന്റെ മൊബൈല്‍ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ രാമചന്ദ്രന്‍ പിന്തുടര്‍ന്നു. പിടികൂടുമെന്ന സ്ഥിതി വന്നതോടെ മോഷ്ടാവ് ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ചാടി. ആരും ഇറങ്ങാന്‍ മടിക്കുന്ന അഴുക്കുചാലിലേക്ക് രണ്ടിലൊന്ന് ആലോചിക്കാതെ രാമചന്ദ്രനും എടുത്തുചാടി. ഇതിനിടെ മുള്ളുവേലിയില്‍ തട്ടി രാമചന്ദ്രന്റെ കൈ മുറിഞ്ഞെങ്കിലും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ ആമയിഴഞ്ചാന്‍ തോട്ടില്‍വെച്ച് തന്നെ കീഴടക്കി. സംഭവമറിഞ്ഞ് പോലീസെത്തി മോഷ്ടാവായ തിരുവല്ലം മന്നംനഗര്‍ കല്ലട ഹില്‍ ഹൗസില്‍ ഷാനവാസ്ഖാനെ കസ്റ്റഡിയിലെടുത്തു.

രാമചന്ദ്രന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കായി കിഴക്കേകോട്ടയിലേക്ക് ബൈക്കില്‍ വരവേയാണ് പഞ്ചാബ് സ്വദേശിനികളായ ശ്രേയയേയും നേഹയേയും കടന്നുപിടിച്ചശേഷം ഒരാള്‍ ഓടിരക്ഷപ്പെടുന്നത് കണ്ടത്. നാലാഞ്ചിറ സ്വദേശി സുനില്‍ദാസായിരുന്നു അക്രമി. പെണ്‍കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ ഓടി. രാമചന്ദ്രന്‍ പിന്നാലെ ഓടി ഓവര്‍ബ്രിഡ്ജ ിനു സമീപംവച്ച് ഇയാളെ പിടികൂടുകയായിരുന്നു.

21-കാരനായ രാമചന്ദ്രന്‍ നാലുവര്‍ഷം മുമ്പാണ് ട്രാഫിക് മോണിറ്ററായത്. പ്ലസ്ടു കഴിഞ്ഞശേഷം പഠനത്തിന് കാശില്ലാത്തതിനാല്‍ ട്രാഫിക് മോണിറ്ററായി ചേരുകയായിരുന്നു. മുന്‍ കമ്മീഷണര്‍ മനോജ് എബ്രഹാമാണ് രാമചന്ദ്രനെ ട്രാഫിക് മോണിറ്ററായി തിരഞ്ഞെടുത്തത്. മാസം മൂവായിരം രൂപ ശമ്പളം കിട്ടും. ഒപ്പം 37 പേര്‍ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരെല്ലാം ജോലി മതിയാക്കി പോയി. ഇന്ത്യ റിസര്‍വ് പോലീസിന്റെ ഒന്നാംഘട്ട കായിക പരീക്ഷ കഴിഞ്ഞ് അടുത്തഘട്ട പരീക്ഷാതീയതിയും കാത്തിരിക്കുകയാണ് രാമചന്ദ്രന്‍.




രോഗികള്‍ക്ക് സാന്ത്വനം; സ്നേഹപ്രവാഹമായി പോലീസ്‌


തളിപ്പറമ്പ്: പാപ്പിനിശ്ശേരിയിലെ 80 വയസ്സുള്ള ഒരുവൃദ്ധ. ജീവിതത്തിന്റെ സായം സന്ധ്യയില്‍ ശരീരത്തിന്റെ ഒരുവശം പൂര്‍ണമായും തളര്‍ന്നുകിടപ്പാണ്. അതുമൂലം പുറത്ത് വ്രണങ്ങളുമായി. മക്കളും ബന്ധുമിത്രാദികളും അവരെ പരിചരിക്കാനുണ്ട്. എങ്കിലും എല്ലാബുധനാഴ്ചകളിലും വന്ന് തന്നെ പരിചരിക്കുന്ന 'പോലീസ് കുട്ടികളെ' അവര്‍ എന്നും കാത്തിരിക്കുന്നു. സാന്ത്വനവചസ്സുകള്‍ കേള്‍ക്കാന്‍, സ്നേഹപരിലാളനങ്ങള്‍ ഏറ്റുവാങ്ങാന്‍. ഒരുചൊവ്വാഴ്ച അവര്‍ മക്കളോട് അന്വേഷിച്ചു 'ആ പോലീസ് കുട്ടികള്‍ എപ്പോള്‍ വരും'? പിറ്റേന്ന് പതിവുപോലെ അവരെത്തി. ആ അമ്മയ്ക്ക് സന്തോഷമായി. ആ 'കുട്ടികളുടെ' സാന്ത്വന സ്​പര്‍ശമേറ്റ് അവര്‍ മെല്ലെ കണ്ണുകളടച്ച് നിത്യതപുല്‍കി.

മാങ്ങാട്ട്പറമ്പ് കെ.എ.പി. നാലാം ദളത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഈരംഗം അനുസ്മരിച്ചപ്പോള്‍ അയാളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ, സേവനമനഃസ്ഥിതിയുടെ ആര്‍ദ്രത.

പോലീസിന്റെ മാറുന്ന മുഖച്ഛായയ്ക്ക് മകുടോദാഹരണമാണ് കെ.എ.പി. നാലാം ബറ്റാലിയന്റെ മൈത്രി സാന്ത്വനസംഘം. മാറാരോഗികള്‍ക്കും അശരണരായ വൃദ്ധര്‍ക്കും സാന്ത്വനം പകര്‍ന്ന് പോലിസുകാര്‍ സമൂഹത്തിന് ഉത്തമ മാതൃകയാവുകയാണിവിടെ.

മാരകരോഗികളുടെ പരിചരണത്തിനുള്ള ആധുനിക വൈദ്യശാസ്ത്രശാഖയാണ് സാന്ത്വനചികിത്സ. ഇത്തരക്കാരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരംകാണാന്‍ പരിശീലനം സിദ്ധിച്ച സന്നദ്ധസേവകര്‍ക്ക് കഴിയും. സാമൂഹിക, മാനസിക, ആത്മീയ ഇടപെടലുകളിലൂടെ രോഗിയുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സാന്ത്വനപരിചരണം കൊണ്ട് അര്‍ഥമാക്കുന്നത്.

കേരളാ പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പില്‍ സാന്ത്വനപരിചരണം എന്ന ആശയം ഉദിച്ചത്. കേരളാ പോലീസില്‍ ഈ ദിശയിലുള്ള ആദ്യസംരംഭവുമാണിത്.

ഇവിടെ കമാന്‍ഡന്റ് ആയിരുന്ന ടി.എം.അബൂബക്കര്‍ 2008 ജൂലായ് മാസം മുന്നോട്ടുവെച്ച നിര്‍ദേശം സഹപ്രവര്‍ത്തകര്‍ സഹര്‍ഷം ഏറ്റെടുക്കുകയായിരുന്നു. ഒഴിവ് സമയത്തെ തങ്ങളുടെ സേവനവും ശമ്പളത്തില്‍നിന്നുള്ള ഒരുവിഹിതവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കാന്‍ അവര്‍തയ്യാറായി.

സേവനസന്നദ്ധരായ പോലീസുകാരുടെയും വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര ഏജന്‍സികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് സാന്ത്വനപരിചരണം നടത്തുന്നത്.

കൊ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഉപദേശ, നിര്‍ദേശങ്ങള്‍ നല്കുന്നത്. കണ്ണൂരിലെ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെല്‍ട്രോണിന് സമീപമുള്ള കെട്ടിടം മൈത്രിക്ക് കൈമാറുന്നതോടെ അവിടെ ഒ.പി. വിഭാഗം പ്രവര്‍ത്തനം തുടങ്ങും.

പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാന്‍ സുമനസ്സുകളുടെ സഹകരണം ഈ സാന്ത്വനകൂട്ടായ്മ പ്രതീക്ഷിക്കുന്നുണ്ട്. ഹോം കെയര്‍ പരിപാടിയില്‍ പങ്കെടുത്തും സാമ്പത്തികസഹായം നല്കിയും ഈ ആതുര ശുശ്രൂഷയില്‍ ആര്‍ക്കും അണിചേരാം. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9447720484, 9447203327, 9388414412.

സിറിയക് മാത്യു

No comments: