അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം അഴിമതിക്കഥകള്‍ നിങ്ങള്‍ക്കും പ്രസിദ്ധീകരിക്കാം POST

Name

Email *

Message *

Saturday 3 December 2011



കോഴിക്കോട്: നോക്കുകൂലിക്കെതിരെ കര്‍ക്കശ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍, തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കി സര്‍ക്കാര്‍ വക പ്രശ്‌നപരിഹാരം. കോഴിക്കോട്ട് നടന്ന ചലച്ചിത്ര അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരദാനച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോവാനെത്തിയവരോടാണ് തൊഴിലാളികള്‍ കാല്‍ ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്. അക്കാദമി ജീവനക്കാരെത്തി 5000 രൂപ നല്‍കിയശേഷമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന് വെളിപ്പെടുത്തിയത് അക്കാദമിയുടെ ഉപ ഡയറക്ടറാണ്.

നോക്കുകൂലി അനുവദിക്കില്ലെന്ന് സര്‍ക്കാറും തൊഴിലാളികളും സംഘടനകളും ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ നോക്കുകൂലി നല്‍കിയത്. പരിപാടിക്ക് ശബ്ദസംവിധാനമൊരുക്കിയ സ്വപ്ന ലൈറ്റ് ആന്‍ഡ് സൗണ്ട്‌സില്‍ നിന്നും കസേര വാടകയ്ക്ക് നല്‍കിയ മനാഫില്‍ നിന്നുമാണ് ഇവര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ പരിപാടി കഴിഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോവുന്നത് തൊഴിലാളികള്‍ തടഞ്ഞു.

ഇതേത്തുടര്‍ന്ന് 5,000 രൂപ നല്‍കി പ്രശ്‌നം പരിഹരിച്ചെന്നാണ് ചലച്ചിത്ര അക്കാദമി ഉപഡയറക്ടര്‍ പറഞ്ഞത്. നോക്കുകൂലി നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം പറഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ടതായി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സുകാര്‍ തന്നെ അറിയിച്ചിരുന്നു. അന്ന് രാത്രി പ്രശ്‌നമുണ്ടായതിനാല്‍ പിറ്റേദിവസം പോലീസ് സംരക്ഷണയിലാണ് സാധനങ്ങള്‍ കൊണ്ടുപോയതെന്നും കളക്ടര്‍ പറഞ്ഞു.

എന്നാല്‍ പോലീസ് തൊഴിലാളികള്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ചലച്ചിത്ര അക്കാദമി അധികൃതര്‍ പറയുന്നത്. അന്ന് രാത്രി പണമില്ലാത്തതിനാല്‍ പിറ്റേദിവസം രാവിലെയാണ് അക്കാദമി ജീവനക്കാരന്‍ തൊഴിലാളികള്‍ക്ക് 5,000 രൂപ എത്തിച്ചുകൊടുത്തതെന്നും ഉപഡയറക്ടര്‍ പറയുന്നു. സര്‍ക്കാര്‍ പരിപാടിയായിട്ടുപോലും തുടക്കം മുതല്‍ തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കി. അന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളും തൊഴിലാളികളുമായി സംസാരിക്കുമെന്ന് പറഞ്ഞ് അക്കാദമി അധികൃതര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Friday 13 May 2011

പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്


പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്
Posted on: 30 Oct 2011

പുണെ: വിവരാന്വേഷണ നിയമപ്രകാരം അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള പകപോക്കല്‍ തടയാന്‍ അണ്ണ ഹസാരെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. പേരുവിവരങ്ങള്‍ നല്‍കാതെ അപേക്ഷകന് ഇന്‍റര്‍നെറ്റ് വഴി വിവരാന്വേഷണം നടത്താനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയാണ് അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരത്തിന് ഇവര്‍ ശക്തിപകരുന്നത്. ആഗസ്തില്‍ ഡല്‍ഹിയില്‍ നടന്ന ഹസാരെയുടെ ഒമ്പത് ദിവസത്തെ ഉപവാസസമരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. ഖരക്പുര്‍ വിദ്യാര്‍ഥിയായ റിതേഷ് സിങ്, ആനന്ദ് ശര്‍മ, അവിനാശ് സിങ് എന്നിവരാണ് 'ആര്‍.ടി.ഐ. അനോണിമസ്' എന്ന ശീര്‍ഷകത്തില്‍ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്.

http://getup 4 change/എന്ന് കമ്പ്യൂട്ടറില്‍ സബ്മിറ്റ് ആര്‍.ടി.ഐ. എന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് വിവരാന്വേഷണം നടത്താനുതകുന്ന രീതിയിലാണ് 'സൈറ്റ്' തയ്യാറാക്കിയിട്ടുള്ളത്. വ്യാജ ഇ-മെയില്‍ അഡ്രസ്സിലും വിവരാന്വേഷണം നടത്താവുന്നതാണ്. വിവരാന്വേഷണത്തിനുള്ള അപേക്ഷ ലഭ്യമാകുന്നതോടെ ആവശ്യമായ നിയമവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് അധികാരികളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. അണ്ണ ഹസാരെയുടെ കീഴിലുള്ള 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ വളണ്ടിയര്‍മാരുടെ പേരിലായിരിക്കും വിവരാന്വേഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പിന്നീട് വകുപ്പ് അധികാരികള്‍ക്ക് നല്‍കപ്പെടുന്നത്. ഇതുകാരണം വിവരാന്വേഷണം നടത്തുന്നവര്‍ അവരുടെ ശരിയായ പേരും വിവരവും നല്‍കിയാലും ഇവരുടെ പേര്‍ പുറത്തുവരാത്തതുകാരണം പകപോക്കലിനെ ഭയക്കേണ്ട ആവശ്യവും ഇല്ലെന്ന് റിതേഷ് പറഞ്ഞു.

''അജ്ഞാതരുടെ അന്വേഷണങ്ങളും വളണ്ടിയര്‍മാരുടെ പേരിലായിരിക്കും സമര്‍പ്പിക്കപ്പെടുന്നത്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാഷ്ട്രീയക്കാരുടെയും മറ്റും ഭീഷണികള്‍ കാരണം സാധാരണക്കാര്‍ വിവരാന്വേഷണവുമായി മുന്നോട്ടുവരുന്നില്ല. ഇതിന് തയ്യാറായിട്ടുള്ള പലരെയും ആക്രമിക്കുക മാത്രമല്ല, ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും ഹസാരെയോടൊപ്പം ഒമ്പതുദിവസം ഉപവസിച്ചശേഷം ആസ്പത്രിയിലെ തീവ്രപരിചരണ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്ന ഐ.ടി.ഐ. വിദ്യാര്‍ഥി റിതേഷ് പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെതന്നെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Wednesday 11 May 2011

railway TTER arrested at mumbai, visit www.anticorruptionforcekerala.blogspot.com

മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകര്‍ അറസ്റ്റില്‍



മുംബൈ: പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളികളെ കൊള്ളയടിച്ച ടിക്കറ്റ് പരിശോധകരെ പോലീസ് അറസ്റ്റുചെയ്തു. ഡി.പി. സിങ്, എസ്.ബി. രാംപിസെ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 14-ന് ഓഖ എക്‌സ്​പ്രസ്സില്‍ പനവേലില്‍ വന്നിറങ്ങിയ കോഴിക്കോട് മാത്തോട്ടം സ്വദേശികളായ നാസര്‍, ഉബൈദ് എന്നിവരില്‍നിന്നുമാണ് ഇവിടത്തെ ടിക്കറ്റ് പരിശോധകരായ രണ്ടു പേരും 8000 രൂപ തട്ടിയെടുത്തത്. രണ്ടുപേരുടെയും ബാഗുകള്‍ പരിശോധിച്ച ഇവര്‍ 50,000 രൂപ കണ്ടതോടെ ഈ മലയാളികളെ ഭീഷണിപ്പെടുത്തി. 20000 രൂപവരെ മാത്രമേ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഇവര്‍ അറിയാതെ അതിവിദഗ്ധമായി പണം അടിച്ചെടുത്തു.

പരിശോധനാസമയത്ത് ആരുമായും ഫോണില്‍ ബന്ധപ്പെടാനും ഇവരെ അനുവദിച്ചില്ല. ഒരു മണിക്കൂറോളം ഇരുവരെയും പരിശോധനാമുറിയില്‍ അടച്ചിട്ടു.

പിന്നീടാണ് ജമാഅത്ത് പ്രവര്‍ത്തകരെ ഇക്കാര്യം ഇവര്‍ അറിയിക്കുന്നത്. ജമാഅത്ത് ഇടപെട്ടതോടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ റെയില്‍വേ അധികാരികള്‍ ശ്രമിച്ചെങ്കിലും മുമ്പ് പല തവണ താക്കീത് നല്‍കിയിട്ടും പാഠം പഠിക്കാത്ത റെയില്‍വേ അധികാരികള്‍ക്ക് മാപ്പ് നല്‍കാന്‍ ഇനിയും കഴിയില്ലെന്ന ജമാഅത്തിന്റെ നിലപാടാണ് ടിക്കറ്റ് പരിശോധകരെ വെട്ടിലാക്കിയത്. ജമാഅത്ത് ഭാരവാഹി അമാനുള്ള ഉള്ളാണത്തിന്റെ നേതൃത്വത്തില്‍ ധാരാവി ബ്രാഞ്ച് ഭാരവാഹികളായ ഇസുദ്ദീന്‍, റാഫി, ഷുഹൈബ്, ഹംസ മിലന്‍, ആലിക്കുട്ടി എന്നിവര്‍ റെയില്‍വേ അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ കണ്ട് വിവരം ധരിപ്പിച്ചു. പണം കവര്‍ന്ന ടിക്കറ്റ് പരിശോധകരെ കണ്ടെത്തുന്നതിനായി അടുത്ത ദിവസം തന്നെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും അതു നടത്താതെ പോലീസുകാര്‍ ഇതുവരെ ഒഴിഞ്ഞുമാറുകയായിരുന്നു.

Wednesday 27 April 2011

എന്‍ഡോസള്‍ഫാന്‍ പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു
Posted on: 23 Apr 2011
ഡോ.അംബികാസുതന്‍ മാങ്ങാട്‌


എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?


കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.

ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.

ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.

ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.

തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.

ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?

Sunday 6 February 2011

തീവണ്ടിയാത്രക്കിടെ മാനഭംഗം: യുവതി മരിച്ചു

തീവണ്ടിയാത്രക്കിടെ മാനഭംഗം: യുവതി മരിച്ചു
Posted on: 06 Feb 2011



തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.

കൊച്ചി - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ചയാണ് ചെറുതുരുത്തിയില്‍വച്ച് യുവതി ആക്രമണത്തിന് ഇരയായത്. ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന യാചകനെന്നു തോന്നിക്കുന്ന ആള്‍ ഈ സമയത്ത് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ചിലര്‍ നിലവിളി കേട്ടതായി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. രണ്ടുപേര്‍ പുറത്തേക്ക് വീണതായി ഗാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതരും നാട്ടുകാരും ചെറുതുരുത്തി പോലീസും തിരഞ്ഞെങ്കിലും ഉടനെ ആരെയും കണ്ടെത്താനായില്ല. പത്തരയോടെയാണ് കുറച്ച്ദൂരെ വിവസ്ത്രയും അവശയുമായ യുവതിയെ കണ്ടെത്തിയത്.

അതുവഴി വന്ന മന്ത്രി കെ.പി. രാജേന്ദ്രന്റെ അകമ്പടിവാഹനത്തിലാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചത്. ഒറ്റക്കൈയ്യുള്ള ഒരാളാണ് ഉപദ്രവിച്ചതെന്ന് തന്നെ കൊണ്ടുപോയവരോട് യുവതി പറഞ്ഞിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് യുവതിക്കു ജോലി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. യുവതിയെ അക്രമിച്ച സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) യെ ബുധനാഴ്ച രാത്രി പാലക്കാട് റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി.
ഇന്ത്യന്‍ റയില്‍വേ = മാതൃകാസേവനം ?
ആ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായല്ലോ
ആ ബോഗി തീവണ്ടിയുടെ നടുവിലായിരുന്നെങ്കില്‍
ആരെങ്കിലും കാണുമായിരുന്നു ഇങ്ങനെ സംഭവിക്കില്ലായിരുന്നു .
ട്രെയിന്‍ കൃത്യ സമയം പാലിച്ച്‌ ഓടിയിരുന്നെങ്കില്‍!!!
അതില്‍ കുടുതല്‍ യാത്രക്കാര്‍ ഉണ്ടാകുമായിരുന്നു.

ട്രെയിന്‍ വൈകുന്നതിനാലും ranning ടൈം കുടുതല്‍ ആണ് എന്നതുകൊണ്ടും....
ത്രിശുരിനു  ശേഷമുള്ള യാത്രക്കാരായ സ്ത്രീകള്‍ തൃശൂരില്‍ ഇറങ്ങി ബസില്‍ യാത്ര തുടരുകയാണ് പതിവ് .
എന്താ റയില്‍വേ കൃത്യ സമയത്ത് ട്രെയിന്‍ ഓടിക്കുമോ???
യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനങ്ങള്‍ എര്പെടുത്തുമോ???

www.anticorruptionforcekerala.blogspot.com
anticorruptionforceindia@gmail.com