ഇതുമൊരു അഴിമതി |
|
വിദേശത്ത് കണ്ടുപിടിക്കട്ടെ നമുക്ക് കാശ് കൊടുത്തു വാങ്ങാം ! |
|
|
തിരുവനന്തപുരം: കരയിലും വെള്ളത്തിലും ഓടുന്ന കാര്‍ നിര്‍മിക്കുക, അതിന്റെ പേരില്‍ പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയാവുക. ഒടുവില്‍ ജയില്‍വാസവും കടത്തിന്റെ നിലയില്ലാക്കയവും... ഒരു സിനിമാക്കഥയുടെ ചേരുവകളെല്ലാമുണ്ട് കരമന സ്വദേശി ബി.എസ്.വിനോദിന്റെ ജീവിതത്തിന്.
എല്ലാവരും ശാപമായിക്കാണുന്ന തമ്പാനൂരിലെ വെള്ളക്കെട്ടാണു വിനോദിന്റെ ജീവിതത്തെ മാറ്റിമറിച്ച പരീക്ഷണങ്ങള്‍ക്കു വഴിതുറന്നത്. കനത്തമഴയില്‍ കുളം പോലെയായ റോഡില്‍ ഇറങ്ങി കാര്‍ തള്ളിനീക്കേണ്ടി വന്നപ്പോഴാണ് വെള്ളത്തിലും കരയിലും ഓടുന്ന ആംഫീബിയസ് കാര്‍ എന്ന ആശയം മുളപൊട്ടിയത്. പട്ടാള ആവശ്യങ്ങള്‍ക്കായി കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് ഇത്തരം കാറുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിടത്തുനിന്നു സ്വപ്‌നപദ്ധതിക്കായി നെട്ടോട്ടമായി.
നാലു വര്‍ഷംകൊണ്ട് വിനോദ് തന്റെ മാരുതി കാറിനെ ആംഫീബിയസ് കാറായി രൂപപ്പെടുത്തി. വായ്‌പ ഉള്‍പ്പെടെ എട്ടുലക്ഷം രൂപ ചെലവായി. ഈ അത്ഭുത കാറിനു കരയില്‍ മണിക്കൂറില്‍ 90 കി.മീ. വരെ വേഗമുണ്ട്. വെള്ളത്തില്‍ 12 നോട്ട്‌സ് (മണിക്കൂറില്‍ 20 കി.മീ) വേഗമാണുള്ളത്. ജലയാത്രയില്‍ രണ്ടുപേര്‍ക്കു സഞ്ചരിക്കാനാവും. രണ്ട് എന്‍ജിനുള്ള വാഹനത്തില്‍ പെട്രോള്‍ ടാങ്കും മണ്ണെണ്ണ ടാങ്കും ഉണ്ട്. ഇതുകൊണ്ട് ഒരുതവണ എണ്‍പത് നോട്ടിക്കല്‍ മൈല്‍ വരെ യാത്ര ചെയ്യാം.
തകരാറു സംഭവിച്ചാലും തിരകളേയും മറ്റും അതിജീവിച്ച് രണ്ടു ദിവസത്തോളം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കാറില്‍ യാത്ര തികച്ചും സുരക്ഷിതമാണെന്നു വിനോദ് പറയുന്നു. എന്നാല്‍ കണ്ടുപിടുത്തവുമായി പൊതുവേദിയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. ഓരോ തവണ കാര്‍ വെള്ളത്തില്‍ ഇറക്കുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍നിന്നു പ്രത്യേക അനുവാദം വാങ്ങേണ്ടിവന്നു. കാരണം വെള്ളത്തിലിറക്കാന്‍ കാറിനു പെര്‍മിറ്റില്ലെന്നതു തന്നെ.
ഒരിക്കല്‍ ജലോത്സവത്തോടനുബന്ധിച്ച് കാറിന്റെ പ്രദര്‍ശനം നടത്താനിരിക്കേ പ്രദര്‍ശനം തടയുകയും പ്രതിഷേധിച്ചതിനാല്‍ ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തു. അതിനു ശേഷം കാര്‍ പുറത്തിറക്കാന്‍ തന്നെ ഭയമാണ്. വെള്ളത്തിലിറക്കാന്‍ ഏറെ കടമ്പകള്‍ കടക്കണമെന്നതിനാല്‍ ഈ വാഹനം ഇപ്പോള്‍ വെറുതേകിടന്നു നശിക്കുകയാണ്. വിനോദിന്റെ കഴിവു തിരിച്ചറിയാന്‍ ആരും മെനക്കെട്ടിട്ടില്ല.
ഐ.ടി.ഐ. പൂര്‍ത്തിയാക്കി എയര്‍ കണ്ടീഷനുകളുടേയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടേയും മെക്കാനിക്കായി പ്രവര്‍ത്തിക്കുന്ന വിനോദ് തന്റെ കണ്ടുപിടുത്തത്തിനായി എടുത്ത വായ്‌പ തിരിച്ചടക്കാന്‍ വഴിയില്ലാതെ കഷ്‌ടപ്പെടുകയാണ്. പണവും സ്വാധീനവും ഇല്ലാത്തവന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് അംഗീകാരം ലഭിക്കില്ലെന്ന പാഠം തിരിച്ചറിയാന്‍ വൈകിയെന്നാണു വിനോദിന്റെ പക്ഷം. വാര്‍ത്താശേഖരം |
|
No comments:
Post a Comment