അഴിമതിയെക്കുറിച്ച് വീണ്ടും
വി.ശാന്തകുമാര്‍
അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടയായി. അപ്പോഴാണ് അഴിമതിയെക്കുറിച്ച് നമ്മുടെ നാട്ടിലെ ബുദ്ധിജീവികളും സാധാരണക്കാരും പുലര്‍ത്തുന്ന ചില അബദ്ധധാരണകള്‍ മനസ്സിലായത്. ഇത്തരം ചില 'തെറ്റിധാരണകള്‍' തന്നെയാകട്ടെ ഈ ലേഖനത്തിന്റെ വിഷയം. അവ ഒരു ചോദ്യോത്തര രീതിയില്‍ കൈകാര്യം ചെയ്യാം.
1) അഴിമതി നടത്തുന്നതുകൊണ്ട് സാമ്പത്തിക വളര്‍ച്ച കുറയുമോ?
സാമ്പത്തിക വളര്‍ച്ചയും അല്ലെങ്കില്‍ കാര്യക്ഷമതയും അഴിമതിയും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണ്. നമ്മള് സാധാരണ അര്‍ത്ഥത്തില്‍ കാണുന്ന തരത്തിലുള്ള അഴിമതി ഇല്ലെങ്കിലും സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ട്. ചില സാഹചര്യങ്ങളില്‍ 'അഴിമതി' സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാറുമുണ്ട്.
സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഇടപാടുകളാണ്. ചില സാഹചര്യങ്ങളില്‍ ഇടപാടുകള്‍ കുറഞ്ഞിരിക്കും. 'ഞങ്ങള്‍ ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടിക്കൊള്ളാം, ആരുമായും ഇടപാടുനടത്താനൊന്നും ഞങ്ങളെ കിട്ടില്ല' എന്ന തരത്തില്‍ അന്തര്‍മുഖമായ ഒരു സമീപനം സാമ്പത്തികവളര്ച്ചയോട് സ്വീകരിച്ചിരിക്കുമ്പോള്‍ ഇടപാടുകളുടെ എണ്ണം കുറയും. മാത്രമല്ല, നേട്ടമുണ്ടാകുന്ന ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവര്‍ പുറംനാട്ടുകാരാണെങ്കില്, അവരോട് ഇടപാടു നടത്താനുള്ള വിമുത, സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രതികൂലമാകും. ഈയൊരവസ്ഥയില്‍ 'അഴിമതി' ഇല്ലെങ്കിലും സാമ്പത്തിക വളര്‍ച്ച കുറഞ്ഞിരിക്കും. ഒരു പരിധിവരെ അഴിമതി കൂടിയിരിക്കുന്ന തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും കേരളത്തിനെ അപേക്ഷിച്ച് കൂടുതല്‍ ഇടപാടുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഇതിന് ഉദാഹരണമാണ്.
എന്നാല്‍ ഇത്തരത്തില്‍ 'അടഞ്ഞ' സമൂഹത്തില്‍, അവിടെയുള്ള സര്‍ക്കാരോ സാമൂഹ്യനേതാക്കന്മാരോ 'അഴിമതി'യ്ക്ക് വശംവദരായി ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയാല്‍ സാമ്പത്തിക വളര്‍ച്ച കൂടും. എന്നാല്‍ സാമ്പത്തികമായി മുന്നോക്കം പോയിട്ടുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, ഒരു സ്ഥലത്ത് അഴിമതിയും മറ്റിടത്ത് അത് കുറവുമാണെങ്കില്‍, അഴിമതി കുറഞ്ഞ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമത കൂടാനിടയുണ്ട്.
2) ഒരു ജനപ്രതിനിധി ഇങ്ങനെ പറയുന്നു. എനിക്ക് എന്റെ ജോലി എന്താണെന്ന് വ്യക്തമായി അറിയാം. എന്റെ നിയോജകമണ്ഡലത്തിലെ ആള്ക്കാര് എന്തെങ്കിലും ആവശ്യം സാധിക്കാന്‍ എന്റെ അടുത്തു വരുമ്പോള്‍ ഒട്ടും കാലതാമസംകൂടാതെ ഞാന്‍ അവരോടൊപ്പം പോയി അത് സാധിച്ചു കൊടുക്കുന്നു. അവരില്‍നിന്നും ഞാന്‍ ഒരു നയാപൈസ കൈക്കൂലി വാങ്ങാറില്ല. ഇത് അഴിമതിക്കെതിരായ ധീരമായ സമീപനമല്ലേ?
ഒരു ചെറിയ കുഴപ്പമുണ്ട്. നിയോജകമണ്ഡലത്തിലെ ആള്ക്കാര് സമീപിക്കുന്നത് ഒരു സര്‍ട്ടിഫിക്കറ്റ് വേഗം കിട്ടാന്‍, വീടു വയ്ക്കുന്നതിനുള്ള അനുമതി വേഗം കിട്ടാന്‍, വീടു വയ്ക്കുന്നതിനുള്ള സഹായം കിട്ടാന്‍ തുടങ്ങിയവയ്ക്കൊക്കെ ആണെന്നിരിക്കട്ടെ, ഇവിടെ ഒരു ജനപ്രതിനിധി എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്? താന്‍ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ (സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വീടിനുള്ള സഹായം) ആരാണോ അതിന് നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്, അവര്‍ക്ക് ഒട്ടും കാലതാമസമില്ലാതെ നല്‍കാനുള്ള നടപടികളാണ് എടുക്കേണ്ടത്. ഇത് തന്നെ സമീപിക്കുന്നവര്‍ക്ക് മാത്രമല്ല, ആ സര്‍ക്കാര്‍ സ്ഥാപനത്തിനെ ആശ്രയിക്കുന്ന എല്ലാവര്ക്കും 'ആദ്യമെത്തുന്നവര്‍ക്ക് ആദ്യം' എന്ന മുറയ്ക്ക് കിട്ടേണ്ടതാണ്. അതിനു പകരം ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വരുന്നയാളിനെ മേല്‍ സൂചിപ്പിച്ച ജനപ്രതിനിധി, ഓഫീസില്‍ കൊണ്ടുപോയി ക്ലാര്‍ക്കിനെ/ഓഫീസറെ സ്വാധീനിപ്പിച്ച്, അയാള്‍ക്ക് മാത്രം സേവനം വേഗത്തിലാക്കികൊടുത്താല് ഇതിനകത്ത് 'അഴിമതി' ഉണ്ട്. ഇത് ജനപ്രതിനിധി ഒരു 'നയാ പൈസ' വാങ്ങാതെ ചെയ്തുകൊടുത്താലും അഴിമതിയുണ്ട്. ചുരുക്കത്തില്‍ മുറതെറ്റിച്ച്, അല്ലെങ്കില്‍ വേണ്ടത്ര നിയമസാധുത ഇല്ലാത്ത കാര്യങ്ങളില്‍, ജനപ്രതിനിധി ഇടപെട്ട് തന്റെ ഒരു വോട്ടര്‍ക്ക് കാര്യം സാധിച്ചുകൊടുക്കുന്നതില്‍ (അത് കൈക്കൂലി വാങ്ങാതെയായാലും) അഴിമതി ഉണ്ടെന്ന കാര്യം നാം തിരിച്ചറിയണം.
3) അഴിമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി എന്താണ്?
കേരളത്തിലെ അഴിമതിയെ പൊതുവില്‍ മൂന്നായി തിരിക്കാം.
a) രാഷ്ട്രീയക്കാരും അവരുടെ പാര്‍ശ്വവര്‍ത്തികളും സ്വന്തക്കാര്‍ക്കും പാര്ടിക്കാര്ക്കുംവേണ്ടി പൊതുസ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്ന സ്ഥിതി: പൊതുമേലാസ്ഥാപനത്തില് അളിയനേയോ, സ്വന്തം പാര്‍ടിനേതാവിന്റെ മകളേയോ ജോലിക്കിരുത്തുക, മകളെ അല്ലെങ്കില്‍ അനന്തിരവനെ സഹകരണസംഘത്തില്‍ ജോലിക്ക് തിരുകി കയറ്റുക, തൊഴിലാളി നേതാവിനെ നേഴ്സിംങ് കോളേജ് മാനേജരാക്കി അതുവഴി സിന്‍ഡിക്കേറ്റ് അംഗമാക്കുക, ഭാര്യയെ ജോലിക്കെടുക്കാന്‍ ഭര്‍ത്താവ് ഇന്റര്‍വ്യു ബോര്‍ഡില്‍ അംഗമാകുക, കാര്യവിവരമില്ലെങ്കിലും കാറും പത്രാസും കിട്ടാന്‍ രാഷ്ട്രീയക്കാര്‍ക്ക് പൊതുമേലാ സ്ഥാനങ്ങള്‍ പങ്കിട്ടു നല്‍കുക തുടങ്ങിയവയെല്ലാം ഇതില്‍പെടും.
b) കാര്യം സമയത്തിന് ചെയ്യാതിരിക്കുക, അല്ലെങ്കില്‍ സമയത്തിന് ചെയ്യുന്നതിന് പണം വാങ്ങുക, ഒരു വ്യവസായ സ്ഥാപനം തുടങ്ങാന്‍ വരുന്നയാള്‍ക്കോ, സര്‍ക്കാരിനുവേണ്ടി ഒരു പണി നടത്തിയ ആളിന് ബില്ലു മാറിക്കിട്ടണമെങ്കിലോ ഉദ്യോഗസ്ഥര്‍ (ചിലപ്പോള്‍ രാഷ്ട്രീയക്കാരും) ഈ സമീപനം എടുക്കുന്നു.
c) നേരത്തെ സൂചിപ്പിച്ചതുപോലെ ജനപ്രതിനിധികള്‍ എല്ലാവര്ക്കും കിട്ടേണ്ട പൊതുസേവനത്തിന്റെ ഗുണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, തന്നെ സമീപിക്കുന്ന വ്യക്തികള്‍ക്ക് സേവനം എളുപ്പത്തില്‍ (അല്ലെങ്കില്‍ വേണ്ടത്ര നിയമനടപടികള്‍ പാലിക്കാതെ) നല്കാന് ശ്രമിക്കുന്നു.
ഇവ മൂന്നും അഴിമതി തന്നെയാണ്. എന്നാല്‍ കേരളത്തിലെ അഴിമതിക്ക് ചില ഗുണങ്ങളുണ്ട്. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മുതലാളിമാര്‍ വന്‍ തോതില്‍ പണം നല്കി കാര്യം സാധിച്ചെടുക്കുന്നു. ഇത് കേരളത്തില്‍ അത്ര എളുപ്പമല്ല. അതിനു കാരണം ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ കുറച്ചുകൂടി മത്സരക്ഷമമായ മാധ്യമങ്ങളുടെ സാന്നിധ്യവും, മാധ്യമങ്ങള്‍ എഴുതുന്നത് സ്വാധീനിക്കുന്ന ഇടത്തരക്കാരുടെ ആധിക്യവും, അവര്‍ ഒരു മുന്നണിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് മറ്റൊരു മുന്നണിയെ അധികാരത്തില്‍ ഏറ്റാന്‍ തയ്യാറാവുന്നതും കാരണമാണ്.
എന്നാല്‍, കേരളത്തില്‍ നമ്മള് രാഷ്ട്രീയക്കാരെ വണങ്ങി നില്‍ക്കേണ്ട സ്ഥിതിയോ, പാര്‍ട്ടിയുടെ 'തിട്ടൂരം' വാങ്ങേണ്ട സ്ഥിതിയോ അത്രത്തോളമില്ല. നമുക്ക് ഒരു ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നതിന് ഒരു ഏജന്റിനെ സമീപിക്കുന്ന എളുപ്പത്തോടെ ഒരു രാഷ്ട്രീയക്കാരനെ സമീപിക്കാം. സി.പി.എംകാരന് ചെയ്തു തന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരനെ തേടാം. കോണ്‍ഗ്രസ് പ്രതിപക്ഷത്താണെങ്കിലും ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കു ഓഫീസുകളില്‍ സ്വാധീനമുണ്ടാകും (ഓരോ തവണയും ഭരിക്കാന്‍ മുന്നണികള്‍ മാറിമാറി വരുന്നതിന്റെ ഗുണമാണത്).
ചുരുക്കി പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ 'സേവിക്കാന്‍' മത്സരിക്കുന്ന സ്ഥിതി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാര്‍ നമ്മെന്സേവിക്കേണ്ടത് നല്ല പൊതുസംവിധാനങ്ങള്‍ ഉണ്ടാക്കിയും പരിപാലിച്ചുമാണ്. മറിച്ച്, ഇവിടെ നമുക്ക് സ്ഥലം മാറ്റം തരപ്പെടുത്തിയും പെര്‍മിറ്റ് കിട്ടാന്‍ സഹായിച്ചും സര്ടിഫിക്കറ്റ് വേഗം കിട്ടാന്‍ ഓഫീസില്‍ ഇടപെട്ടുമൊക്കെയാണ് ധാരാളം രാഷ്ട്രീയക്കാര്‍ നമ്മെ സഹായിക്കുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയക്കാരെ അങ്ങനെയാക്കിത്തീര്ക്കാനാണ് നമ്മള് പൊതുജനത്തിന് ഏറെ താല്പര്യം.
4) പണ്ടൊക്കെ ആള്‍ക്കാര്‍ക്ക് മൂല്യബോധമുണ്ടായിരുന്നു. ഇന്ന് ജനത്തിന്റെ ധാര്‍മികതയൊക്കെ നശിച്ചു. അതാണ് അഴിമതിക്ക് കാരണം.
ഇത് നമ്മുടെ സാമാന്യ ബോധത്തിന്റെ ബോധമില്ലായ്മയാണ് കാണിക്കുന്നത്. ഇന്ന് പണ്ടത്തേക്കാള്‍ അഴിമതിയേക്കുറിച്ചുള്ള ബോധം ഉയര്‍ന്നിട്ടുണ്ട്. പണ്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തങ്ങള്‍ അനുഭവിച്ചിരുന്ന 'സൗകര്യങ്ങളും സമ്പത്തുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങളും ഫ്യൂഡല്‍ പ്രഭുക്കളേപ്പോലെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കരുതിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ/ ഉദ്യോഗസ്ഥന്റെ ഔദാര്യമില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്ന സ്ഥിതി ഉണ്ടായിരുന്നു. അവിടെ നിന്നും നമ്മള്, ഇത് രാഷ്ട്രീയക്കാരെ/ ഉദ്യോഗസ്ഥരെ വിലയ്ക്കു വാങ്ങുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങള്‍ക്ക് എന്തു സംഭവിച്ചാലും 'മൂല്യബോധം' കൈവിടില്ല എന്നു കരുതുന്നവരായിരിക്കില്ല (ചിലരുണ്ടാകുമെന്നു മാത്രം....എല്ലാ സമൂഹത്തിലും ഇതാണ് സ്ഥിതി). അതുകൊണ്ട് അഴിമതി തടയാന്‍ 'മൂല്യ'ത്തിനെ ആശ്രയിച്ചിരുന്നാല്‍ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ഭൂരിപക്ഷവും കാര്യം നേടും.
അപ്പോള്‍ അഴിമതി തടയണമെങ്കില്‍, അത് തടയുന്നതുകൊണ്ട് നേട്ടമുണ്ടാകുന്ന കുറെയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാകണം. അക്കാര്യമാണ് ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചത്.

(സി.ഡി.എസ്സില്‍ അസോ.പ്രൊഫസറാണ് ലേഖകന്‍)