കോഴിക്കോട്: നോക്കുകൂലിക്കെതിരെ കര്‍ക്കശ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍, തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കി സര്‍ക്കാര്‍ വക പ്രശ്‌നപരിഹാരം. കോഴിക്കോട്ട് നടന്ന ചലച്ചിത്ര അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരദാനച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോവാനെത്തിയവരോടാണ് തൊഴിലാളികള്‍ കാല്‍ ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്. അക്കാദമി ജീവനക്കാരെത്തി 5000 രൂപ നല്‍കിയശേഷമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന് വെളിപ്പെടുത്തിയത് അക്കാദമിയുടെ ഉപ ഡയറക്ടറാണ്.
നോക്കുകൂലി അനുവദിക്കില്ലെന്ന് സര്‍ക്കാറും തൊഴിലാളികളും സംഘടനകളും ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്ഥാപനം തന്നെ നോക്കുകൂലി നല്‍കിയത്. പരിപാടിക്ക് ശബ്ദസംവിധാനമൊരുക്കിയ സ്വപ്ന ലൈറ്റ് ആന്‍ഡ് സൗണ്ട്‌സില്‍ നിന്നും കസേര വാടകയ്ക്ക് നല്‍കിയ മനാഫില്‍ നിന്നുമാണ് ഇവര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ പരിപാടി കഴിഞ്ഞ് സാധനങ്ങള്‍ കൊണ്ടുപോവുന്നത് തൊഴിലാളികള്‍ തടഞ്ഞു.
ഇതേത്തുടര്‍ന്ന് 5,000 രൂപ നല്‍കി പ്രശ്‌നം പരിഹരിച്ചെന്നാണ് ചലച്ചിത്ര അക്കാദമി ഉപഡയറക്ടര്‍ പറഞ്ഞത്. നോക്കുകൂലി നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം പറഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ടതായി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സുകാര്‍ തന്നെ അറിയിച്ചിരുന്നു. അന്ന് രാത്രി പ്രശ്‌നമുണ്ടായതിനാല്‍ പിറ്റേദിവസം പോലീസ് സംരക്ഷണയിലാണ് സാധനങ്ങള്‍ കൊണ്ടുപോയതെന്നും കളക്ടര്‍ പറഞ്ഞു.
എന്നാല്‍ പോലീസ് തൊഴിലാളികള്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ചലച്ചിത്ര അക്കാദമി അധികൃതര്‍ പറയുന്നത്. അന്ന് രാത്രി പണമില്ലാത്തതിനാല്‍ പിറ്റേദിവസം രാവിലെയാണ് അക്കാദമി ജീവനക്കാരന്‍ തൊഴിലാളികള്‍ക്ക് 5,000 രൂപ എത്തിച്ചുകൊടുത്തതെന്നും ഉപഡയറക്ടര്‍ പറയുന്നു. സര്‍ക്കാര്‍ പരിപാടിയായിട്ടുപോലും തുടക്കം മുതല്‍ തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കി. അന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളും തൊഴിലാളികളുമായി സംസാരിക്കുമെന്ന് പറഞ്ഞ് അക്കാദമി അധികൃതര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.